---
title: "കണ്ണൂരിൽ  ST പ്രൊമോട്ടർമാരുടെ അവലോകന യോഗം ചേർന്നു; ട്രൈബൽ മേഖലയിലെ വികസനം പ്രധാനമെന്ന് നിർദേശം"
english_title: " ST Promoters Review Meeting Held Kannur Tribal Development"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383999/ st-promoters-review-meeting-kannur-tribal-development"
published_at: "2026-09-24T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4acb783367_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ  ST പ്രൊമോട്ടർമാരുടെ അവലോകന യോഗം ചേർന്നു; ട്രൈബൽ മേഖലയിലെ വികസനം പ്രധാനമെന്ന് നിർദേശം

> **Lead Summary:** കണ്ണൂർ: ട്രൈബൽ മേഖലകളിലെ വികസന പദ്ധതികൾ വീഴ്ചകൂടാതെ നടപ്പാക്കാൻ ട്രൈബൽ പ്രമോട്ടർമാരുടെ സേവനം പ്രധാനപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലയിലെ ST പ്രമോട്ടർമാരുടെ അവലോകന യോഗത്തിൽ പറഞ്ഞു.

## Article Content

കണ്ണൂർ: ട്രൈബൽ മേഖലകളിലെ വികസന പദ്ധതികൾ വീഴ്ചകൂടാതെ നടപ്പാക്കാൻ ട്രൈബൽ പ്രമോട്ടർമാരുടെ സേവനം പ്രധാനപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലയിലെ ST പ്രമോട്ടർമാരുടെ അവലോകന യോഗത്തിൽ പറഞ്ഞു.

ഓരോ പ്രദേശത്തും എസ് സി- എസ് ടി വിഭാഗങ്ങൾ നേരിടുന്നത് വ്യത്യസ്തങ്ങളായ പ്രശ്നങ്ങളാണ്. ഈ മേഖലയിലെ പ്രതിനിധികൾ എന്ന നിലയിൽ ഇവിടെ നിയോഗിക്കപ്പെട്ട പ്രമോട്ടർമാർക്ക് ഉത്തരവാദിത്തങ്ങൾ ഏറെയുണ്ട്. അവരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട തലത്തിലേക്ക് യഥാസമയം കൈമാറാൻ പ്രമോട്ടർമാർ ശ്രദ്ധ ചെലുത്തണം.

പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യ വഴിയാണിത്. ഗോത്ര മേഖലയിലെ കുട്ടികളുടെ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, പഠന വിമുഖത, ഉന്നതികളിലെ കുടിവെള്ളക്ഷാമം, വൈദ്യുതി ക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. പല വീടുകളിലും വയറിങ്ങിന്റെ കാലപ്പഴക്കം കൊണ്ടും മറ്റും വൈദ്യുതി ലഭിക്കാത്ത പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വയറിങ്ങ് സംബന്ധിച്ച പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായും പറഞ്ഞു.

ഉന്നതികളിലെ കുടിവെള്ളം ഉറപ്പാക്കാൻ വിവിധ പദ്ധതികളുടെ നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന പട്ടികവർഗ്ഗ മേഖലയിലെ രോഗികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കണം. ഇതിനായി മെഡിക്കൽ കോളേജിലും മറ്റു ആശുപത്രികളിലുമായി നിയോഗിക്കപ്പെട്ടിട്ടുള്ള ഹെൽത്ത് പ്രമോട്ടർമാർ ശ്രദ്ധിക്കണം. മരുന്നുകളുടെ ലഭ്യതക്കുറവ്, യഥാസമയം ആംബുലൻസ് കിട്ടാത്ത പ്രശ്നങ്ങൾ തുടങ്ങിയ ഉണ്ടെങ്കിൽ അക്കാര്യം സമയബന്ധിതമായി റിപ്പോർട്ട് ചെയ്യണം. ഗോത്ര മേഖലയിലെ കുട്ടികളുടെ കലാകായിക ഉണർവ്വിനായി പ്രാദേശിക തലത്തിൽ ക്ലബ്ബുകളും കൂട്ടായ്മകളും രൂപീകരിക്കാനും ഇതിനായുള്ള ധനസഹായങ്ങൾ വിവിധ വകുപ്പ് തലത്തിൽ ലഭ്യമാക്കാനും പദ്ധതികൾ ആലോചനയിലുണ്ടെന്നും പറഞ്ഞു.

മികച്ച പ്രവർത്തനം കാഴ്ചവച്ച ST പ്രമോട്ടർമാരെ ചടങ്ങിൽ പ്രശംസിച്ചു. അസിസ്റ്റന്റ് കലക്ടർ എസ്.സ്വാതി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ എസ്.എസ്.സുധീർ, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ കെ.എൻ.മൃദുല എന്നിവർ സംസാരിച്ചു. ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർമാർ, സൈറ്റ് മാനേജർമാർ, കമ്മിറ്റഡ് സോഷ്യൽ വർക്കർമാർ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 എസ്.ടി. പ്രൊമോട്ടർമാർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

English Summary: District-level review meeting of 86 ST promoters held at District Panchayat Hall in Kannur. Officials stressed timely implementation of tribal development projects, addressing school dropouts, drinking water and electricity shortages in tribal colonies, ensuring healthcare support and forming local clubs for children. Assistant Collector S Swathi, ITDP Project Officer SS Sudheer and others attended.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383999/ st-promoters-review-meeting-kannur-tribal-development)